Friday, November 27, 2015

പൊതുവിവരം

വട്ടവട - 2015
1954 നവംബര്‍ 17-ാം തിയതിയാണ് വട്ടവട ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ദേവികുളം ബ്ളോക്കിലാണ് വട്ടവട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 67.81 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 20% വനമേഖലയാണ്. 15,000 വരുന്ന ജനസംഖ്യയില്‍ 80% പേരും സാക്ഷരരാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളായ പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്, കമ്പക്കല്ലാര്‍, ആനമുടി ചോല എന്നിവ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തില്‍ 20 പൊതുകുടിവെള്ള ടാപ്പുകളും 1 പൊതുകിണറും ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 3 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. 25 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വഴികള്‍ രാത്രികാലങ്ങളിലും സഞ്ചാരയോഗ്യമാക്കുന്നു.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വട്ടവട ഗ്രാമപഞ്ചായത്ത്. ദേവികുളം, കാന്തല്ലൂര്‍, തമിഴ്നാട് തുടങ്ങിയവയാണ് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. കൊടുമുടികളും, കീഴ്ക്കാംതൂക്കായ പാറകളും, കുന്നുകളും, താഴ്വരകളും, ചെറിയ സമതലങ്ങളും നിറഞ്ഞതാണ് വട്ടവട പഞ്ചായത്തിന്റെ ഭൂപ്രകൃതി. ക്യാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ബീന്‍സ് തുടങ്ങിയവയാണ് വട്ടവടയില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. ഇടമണലാര്‍, ചിലന്തിയാര്‍ എന്നീ പുഴകള്‍ പഞ്ചായത്തിലൂടെ ഒഴുകുന്നു. ഈ ജലസ്രോതസ്സുകള്‍ കൂടാതെ കണ്ണിമാര്‍ കനാല്‍, കൊട്ടാ കൊമ്പൂര്‍ കനാല്‍, ചേര്‍ത്തന കനാല്‍, ചടയല്‍വീട കനാല്‍, മുളയന്നൂര്‍ കനാല്‍ എന്നിവയും പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസ്സുകളാണ്. കൂടാതെ ഒരു കുളവും പഞ്ചായത്തിലുണ്ട്.
വിദ്യാഭ്യാസരംഗം
പഞ്ചായത്തില്‍ 2 സര്‍ക്കാര്‍ സ്കൂളുകളും, 1 സ്വകാര്യ മാനേജ്മെന്റ് സ്കൂളും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ കടന്നുവരുന്നത് ഇവിടത്തെ വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല ഗ്രാമത്തിന്റെ മൊത്തം പുരോഗതിക്കും സഹായകരമായിരിക്കും.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി പഞ്ചായത്തിലെ കോവിലൂരില്‍ സ്ഥിതി ചെയ്യുന്നു. വൈദ്യുതി ബോര്‍ഡ് ഓഫീസ്, 2 തപാല്‍ ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച്, പോലീസ് സ്റ്റേഷന്‍, വാട്ടര്‍ അതോറിറ്റി ഓഫീസ് എന്നിവയാണ് വട്ടവട പഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍ കാര്യാലയങ്ങള്‍. കൂടാതെ ഒരു പോലീസ് ഔട്ട് പോസ്റ്റും പഞ്ചായത്തിലുണ്ട്. ജില്ലാ സഹകരണ ബാങ്കിന്റെ ഒരു ശാഖയും, വി.എസ്.സി.ബി യും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളാണ്.
ഗതാഗതരംഗം
നെടുമ്പാശ്ശേരി- കൊഡൈക്കനാല്‍ പാത, പഞ്ചായത്തിലൂടെ കടന്നു പോകുന്നു. വട്ടവട ഗ്രാമപഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു പ്രധാന സ്ഥലം കോവിലൂര്‍ ബസ്സ് സ്റ്റാന്റാണ്. ആലുവ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. പഞ്ചായത്ത് നിവാസികള്‍ വിദേശയാത്രക്കായി ആശ്രയിക്കുന്നത് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള വിമാനത്താവളമായ കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ഗതാഗതമേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുന്നത് പഞ്ചായത്തിന്റെ പുരോഗതിക്ക് ഏറെ സഹായകരമായിരിക്കും.
വാണിജ്യരംഗം
കോവിലൂരാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം. പഞ്ചായത്തില്‍ ഒരു ഷോപ്പിംഗ് കോംപ്ളക്സും പ്രവര്‍ത്തിക്കുന്നു. കൂടാതെ കോവിലൂരില്‍ ഒരു ചന്തയും സ്ഥിതി ചെയ്യുന്നു.
സാംസ്കാരികരംഗം
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 10 ക്ഷേത്രങ്ങളും 3 ക്രിസ്ത്യന്‍ ദേവാലയങ്ങളും പഞ്ചായത്തില്‍ പലയിടങ്ങളിലായി നിലകൊള്ളുന്നു. മഹാശിവരാത്രി, കാര്‍ത്തിക, ദീപാവലി, അമ്പല്‍പൊങ്കല്‍, ശ്രീരാമഉത്സവം, ഗണേശന്‍കോവില്‍ ഉത്സവം, ആണ്ടവന്‍ കോവില്‍ ഉത്സവം എന്നീ ഉത്സവങ്ങള്‍ പ്രദേശത്തെ ജനങ്ങള്‍ ജാതി-മത ഭേദമന്യേ ആഘോഷിക്കുന്നു. പഞ്ചായത്തിലെ ജനവിഭാഗങ്ങളുടെ സാംസ്കാരികതനിമ വിളിച്ചോതുന്നവയാണ് ഇവിടത്തെ ഉത്സവങ്ങള്‍. 6 കമ്മ്യൂണിറ്റി ഹാളുകളും 1 കല്ല്യാണമണ്ഡപവും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.
ആരോഗ്യരംഗം
ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. സര്‍ക്കാര്‍ ഹോമിയോ ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ വട്ടവട ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ മാര്‍ത്തോമ സെന്ററില്‍ ആംബുലന്‍സ് സൌകര്യം ലഭ്യമാണ്.

No comments:

Post a Comment